Tuesday, June 9, 2009

പരാതി


പരാതി
----------
കത്തുന്ന പച്ചമരം
മിന്നലിനോട്‌ കരഞ്ഞു,
എന്തിനു നീ ഇത്‌...?
മിന്നല്‍ മേഘങ്ങളെ
ഒറ്റി...
മേഘങ്ങള്‍ പരുങ്ങി,
പരസ്പരം നോക്കിക്കൊണ്ട്‌
പിറുപിറുത്തു,
ഈ കാറ്റ്‌...,
കാറ്റ്‌,
നീരാവി,
കടല്‍..
എല്ലാം
ഒറ്റുകൊടുക്കപ്പെട്ട
ഒറ്റുകാരായിരുന്നു...
ഒടുവിലെ പ്രതി
സൂര്യന്‍
ഒറ്റാനാളില്ലാതെ,
മറുകരയില്‍ ഒളിവിടം
തേടുമ്പോള്‍
പച്ച മരത്തിന്റെ
പുകയുന്ന വേരുകളോട്‌
അമ്മ പറഞ്ഞു
അവരോടു പൊറുത്തു
മടങ്ങി വരിക..
എന്റെ മുലപ്പാലില്‍ തളിര്‍ത്ത്‌
മടങ്ങിപ്പോവുക..
നീ ഇവിടെ തുടങ്ങുകയും
ഇവിടെ ഒടുങ്ങുകയും ചെയ്യുന്നു..

Wednesday, January 28, 2009

അമ്മ

അമ്മ
-----------
അമ്മ,
രണ്ടു കുട്ടികള്‍,
കണ്ണു പൊട്ടന്മാര്,
ദരിദ്ര ജീവിതങ്ങള്‍..

രണ്ടു ജോഡി കണ്ണുകള്,
ഒരിറ്റ്‌ വെളിച്ചം,
ആശ..,
പ്രതീക്ഷ.

രണ്ടു ലോകങ്ങള്,
ഒറ്റ രാജാവ്‌,
പച്ചനോട്ടുകള്‍..,
പണം..

രണ്ടിലും കൂടുതല്‍ദാനശീലര്‍,
ദയ..,
കാരുണ്യം..,
പണം..

രണ്ടു കോടി ദൈവങ്ങള്‍,
ചേരാത്ത കണ്ണുകള്‍,
രണ്ടു കണ്ണുകള്‍,
രണ്ടു കുട്ടികള്‍..


രണ്ടു കണ്ണുകള്‍..,
രണ്ടു ലോകങ്ങള്‍,
നിസ്സഹായര്‍..,
നിസ്സാരര്‍..


രണ്ടു കണ്ണുകള്‍,
ഒരു കുരുക്ക്‌,
ഒരമ്മ..
അമ്മ...

**അടിക്കുറിപ്പ്‌:-രണ്ടു വര്‍ഷം മുന്‍പുള്ള ഒരു പത്ര വാര്‍ത്ത..തമിഴ്‌നാട്ടില്‍ നിന്ന്..അന്ധരായ തന്റെ കുട്ടികള്‍ക്ക്‌ കാഴ്ച കിട്ടണമെന്നു പട്ടിണിക്കാരിയായ ഒരമ്മ ആഗ്രഹിച്ചു..കഷ്ടപ്പെട്ടു..നല്ലവരായ ചിലര്‍ പണം നല്‍കി സഹായിക്കാന്‍ തയ്യാറായി...പക്ഷെ എത്ര ശ്രമിചിട്ടും യോജിക്കുന്ന കണ്ണുകള്‍ കണ്ടെത്താനായില്ല.ശ്രമം ഉപേക്ഷിക്കുമന്നായപ്പോള്‍ തന്റെ കണ്ണുകള്‍ കുട്ടികള്‍ക്കു നല്‍കാന്‍ ആ അമ്മ ആത്മഹത്യ ചെയ്തു... പക്ഷെ ആ കണ്ണുകളും യോജിക്കാത്തതായിരുന്നു എന്നത്‌ ദുരന്തങ്ങളില്‍ ഒടുവിലത്തേത്‌..

***ഫ്രിഡ്ജ്‌ ല്‍ വെച്ചു സൂക്ഷിച്ച അമ്മ മാഹാത്മ്യങ്ങള്‍ ദിവസവും ചൂടാക്കി സീരിയല്‍ വഴി വിളമ്പുന്ന ചേട്ടന്മാര്‍ക്ക്‌ സമര്‍പ്പണം...