Thursday, February 14, 2008

ഒരു പ്രണയഗാനം

ഒരു പ്രണയഗാനം

---------------------------------------------------------------
ഒരു നേര്‍ത്ത മഴയുടെ നൂലിഴ തഴുകുമീ
അതിലോല സന്ധ്യക്കു പ്രണയഭാവം....
അകലെ നിന്നോര്‍മകള്‍ അലയടിച്ചെത്തുമീ
ഈറന്‍ കാറ്റിന്റെ രാഗം....
പ്രണയ വസന്തമേ ഇന്നു നീ വന്നെന്റെ
അരികത്തിരുന്നിരുന്നെങ്കില്‍...
വാടിയ താമരത്തണ്ടുപോലിന്നെന്റെ
മാറത്തു ചാഞ്ഞിരുന്നെങ്കില്‍....
തളിരില തോല്‍ക്കുമാ കരമൊന്നെടുത്തെന്റെ
ഹൃദയത്തിലേക്കു ചെര്‍ത്തേനേ...
മലരേ....
നിന്നെ ഞാനരികത്തു ചേര്‍ത്തേനെ..
ഒരു പ്രണയഗാനം മൂളിയേനെ...

പ്രണയകാലം

പ്രണയകാലം
--------------------------------------
നിന്റെ വിരല്‍തുമ്പുപിടിക്കാന്‍
ഞാനോടിയ വഴികളില്‍
ഇത്രയും പുല്‍ക്കൊടികളും
പൂവുകളുമുണ്ടായിരുന്നോ...?
മഴയും മഞ്ഞും ഒരുപാടുവട്ടം
ഭൂമിയെ പ്രണയിച്ചു മടങ്ങിയിരുന്നെന്നോ....?
പിന്നെയുമൊരായിരം പ്രണയകവിതകള്‍
ഈവഴികളിലൊഴുകിപ്പൊയിരുന്നെന്നോ...?
ഈ വസന്തകാലത്ത്‌ നമ്മള്‍ മാത്രം
എവിടേയായിരുന്നു പ്രിയേ....?

കാഴ്ച

കാഴ്ച
-----------
പുല്ലുതിന്നു തുള്ളിച്ചാടിനടന്ന
ആട്ടിന്‍ കുട്ടിയും
ആട്ടിന്‍ കുട്ടിയെ തിന്നു കൊഴുത്ത
ചെന്നായയും
കാണാതെ പോയത്‌,
നെഞ്ചില്‍ പുല്ലുവളര്‍ത്തി ഊട്ടിയ
അമ്മയുടെ കണ്ണിലെ
നിറംകെട്ട പുഴയാണ.....